തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയായ ആർ. ചന്ദ്രശേഖരന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരാമെന്ന് വ്യക്തമാക്കി നേതൃത്വം. സംഘടനാപരമായ നിലനിൽപ്പിനും പ്രവർത്തനങ്ങൾക്കും തനിക്ക് ഐഎൻടിയുസിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും, സംഘടന എന്നും ഒപ്പമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവിലെ രാഷ്ട്രീയ, സംഘടനാ സാഹചര്യത്തിൽ ആർ. ചന്ദ്രശേഖരന്റെ നേതൃത്വം തന്നെ തുടരണമെന്ന അഭിപ്രായമാണ് ഐഎൻടിയുസി സംസ്ഥാന നേതൃത്വത്തിനുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയെയും സംഘടനയെ നയിക്കുന്ന രീതിയെയും നേതൃത്വം പിന്തുണച്ചു.
സംഘടനയുടെ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി സംഘടനകൾക്കുള്ളിൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.